‘ലൈറ്റ് ഓണ്‍ ഇലക്ട്രിക്കല്‍സ്’ ആയി മാറിയ പണ്ടത്തെ വായനശാല മുറിയിലേക്ക് കൌമാരസ്മരണകളെ വെറുതെ ഒന്നു കടത്തിവിട്ട് നടത്തം തുടര്‍ന്നപ്പോഴാണ്, തൊട്ടുമുന്നില്‍ കൈയില്‍ പച്ചക്കറിനിറച്ച സഞ്ചിയുമായി നടന്നുനീങ്ങുന്ന പാലമുറിയില്‍ വീട്ടില്‍ വക്കച്ചന്‍ ചേട്ടനെ കണ്ടത്.
‘പുരോഗമനം കാര്യമായി കഷണ്ടിയില്‍ മാത്രമായി ഒതുക്കിയ മേപ്പടിയാനെ കണ്ടിട്ട് നാളു കുറെയായല്ലോ ‘ എന്ന് മനസില്‍ പറഞ്ഞ്, സഞ്ചിയുടെ മൂലയില്‍ പിടിച്ചു വലിച്ചതും, ‘ഹൂ ദ ഹെല്‍ ഈസ് ദിസ്’ എന്ന് മുഖഭാവത്തോടെ അച്ചായന്‍ ഞെട്ടിത്തിരിഞ്ഞ് നോക്കിയതും ഒന്നിച്ച്...
“അന്തിക്ക് ചന്തയില്‍ പോയതാണോ അച്ചായാ....”
“ഹെന്റമ്മേ...കുഞ്ഞാരുന്നോ...മനുഷ്യനെ പേടിപ്പിച്ച് കളഞ്ഞല്ലോ...ഹോ....”
“എന്താ അച്ചായാ ഇത്.. സഞ്ചിയില്‍ ഒന്നു വലിച്ചാല്‍ മാത്രം ഞെട്ടിത്തരിക്കുന്നതല്ലല്ലോ പാലമുറിക്കാരുടെ പാരമ്പര്യം.. ഛേ..മോശം..“ പണ്ട്, ആറ്റുമണക്കിരുന്ന് ചീട്ടുകളിച്ചതിന് പോലീസുകാരു പിടിക്കാനോടിച്ചപ്പോള്‍, പനച്ചക്കലെ പൊട്ടക്കിണറ്റിലേക്ക് സധൈര്യം ക്രാഷ് ലാന്‍ഡ് ചെയ്ത ഔതക്കുട്ടിച്ചേട്ടന്റെ അനിയന്‍ അല്ലേ ഇത്... ഇത്ര ഭീരുവാകാന്‍ പാടുള്ളതാണോ. (പിറ്റേന്ന് കാലില്‍ വച്ചുകെട്ടുമായി വന്ന ഔതാച്ചന്‍ കെട്ടിയോളോടു പറഞ്ഞത്രെ ‘എന്റെ ശോശു, പനച്ചക്കലെ പൊട്ടക്കിണറ് നികത്തീന്നല്ലേ നീ പറഞ്ഞെ..ആരാ ഈ നുണയൊക്കെ നിന്നോട് വിളമ്പുന്നേ..? )
“അതു പിന്നെ..മൂവന്തിനേരത്ത് മുണ്ടിനു പിടിച്ചാ ആരാ ഞെട്ടാത്തെ..? “ അച്ചായന്‍ വെറ്റിലക്കറ കാട്ടി
“ഞാന്‍ സഞ്ചീലല്ലേ പിടിച്ചേ...”
“ങാ.. ഇപ്പോ മുണ്ടിനു പിടിക്കുന്നതിനേക്കാ ഞെട്ടലാ പച്ചക്കറി സഞ്ചീ പിടിക്കുമ്പോ..വല്ല കള്ളന്മാരുമാണോന്ന് എങ്ങനെ അറിയാന്‍ പറ്റും.. സ്വര്‍ണ്ണത്തേക്കാ വിലയല്ലിയോ കിഴങ്ങിന്... അല്ലാ.. കുഞ്ഞിപ്പോ കോഴിക്കോട്ടാണല്ലിയോ.. കൊറച്ചുനാളുമുമ്പ് അച്ഛനെ ഒന്നു കണ്ടിരുന്നു...”
“അതെ “
“അവിടിപ്പോ പുഴുക്കലരിക്ക് എന്നാ ഉണ്ട് വില..?”
പണ്ടൊക്കെ മറുനാട്ടില്‍ നിന്നു വരുന്നവരോട് ആദ്യം തിരക്കുന്നത് ‘സുഖമാണോ, കാലവസ്ഥയെങ്ങനെ ‘ എന്നൊക്കെയായിരുന്നു. ഇപ്പോ അത് ഇങ്ങനെയും ആയി.. ഗ്ലോബലിസേഷന്‍ കൊണ്ടുവരുന്ന ഓരോരോ മാറ്റങ്ങളേ..
“അതിപ്പോ കല്ലിന്റെ അളവനുസരിച്ചിരിക്കും...”
“ഭരിക്കാനോരോരൊത്തന്മാരു കേറും.. കുനിഞ്ഞുനിന്നല്ലേ വോട്ട് ചോദിക്കുന്നെ.. ജയിച്ചുകഴിയുമ്പോ പകരം നമ്മളെ കുനിച്ചുനിര്‍ത്തി മുതുകത്തോട്ട് കേറും, നട്ടെല്ലൊടിക്കാനക്കൊണ്ട്.. വെടിവക്കണം എല്ലാത്തിനേം..” പ്രതികരണശേഷി അല്‍പ്പം കൂടിപ്പോയതുകൊണ്ട്, ഊരിപ്പോയ വലത്തുകാലിലെ സ്ലിപ്പര്‍ ഒന്നുകൂടി കയറ്റി അച്ചായന്‍...
“അതിപ്പോ അവര്‍ക്കെന്തു ചെയ്യാന്‍ പറ്റും അച്ചായാ.. സാധനം വേണ്ടേ.. ഉള്ള മണ്ണെല്ലാം ഫ്ലാറ്റും റബറും വച്ചു തീര്‍ത്തു.. പിന്നെവിടുന്നെടുത്തു തരും..”
“അതും ശരിയാ.. ഞാനിന്നലെ അന്നമ്മയോട് പറഞ്ഞതേയുള്ളൂ, ഇനി നമുക്ക് റബറിലയും റബര്‍ പാലുമൊക്കെ വച്ച് കറിയുണ്ടാക്കാമെന്ന്...”
“ഗ്രേസി ഇപ്പോ എവിടാ.. ദുബായില്‍ തന്നെ അല്ലേ...” സഹപാഠിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ഓര്‍മ്മയിലെവിടെയോ ഇറേസിംഗ് റബ്ബറിന്റെ മണം....അടര്‍ത്തിയെടുക്കുന്ന ചാമ്പയ്ക്കയുടെ മണം..
“അവള് ഫാമിലിയായിട്ട് അവിടത്തന്നെ.. ക്രിസ്മസിനു ചിലപ്പോ.... “ വാചകം മുഴുമിക്കും മുമ്പ് അച്ചായന്റെ പോക്കറ്റില്‍ ഫോണ്‍ വിറച്ചു കിണുങ്ങി...
“ആങ്... ...എന്താ... ഓ പയറു വാങ്ങിച്ചില്ല.. മുടിഞ്ഞ വിലയാ അന്നമ്മേ.. ഇന്ന് പയറ് ഉണ്ടെന്നു കരുതി അങ്ങ് ഉണ്ടാമതി..അല്ല പിന്നെ... എടീ എന്തിരവളേ പറയുന്ന കേള്‍ക്ക്.. .. നാവടക്കെടീ....!!!” പയറിന്റെ ഒരു പവറേ.. പുഷ്പം പോലെയല്ലേ കുടുംബം കലക്കുന്നത്.
“ങാ കണ്ടു.. കുട്ടിയമ്മേടെ കാലു കെട്ടിയിട്ടേക്കുവാ.. രണ്ടു ദിവസം കൂടി കെടക്കേണ്ടി വരും.. അതെന്നാത്തിനാ.. എല്ലാം കഴിഞ്ഞ് അങ്ങോട്ടല്ലേ വരുന്നേ..അപ്പോ കണ്ടാ മതി.. ..എന്തോന്ന്... ങാ അപ്പോ മതി..”
അച്ചായന്‍ അമര്‍ഷത്തോടെ ഫോണ്‍ പോക്കറ്റിലേക്ക് തള്ളി..
“അല്ലച്ചായാ..ഏത് കുട്ടിയമ്മ.?.കാലുകെട്ടീന്ന് പറഞ്ഞെ.....”
“ഓ.. അതു നമ്മുടെ കിഴക്കേതിലെ കുട്ടിയമ്മ.. ആശുപത്രീലാ.... കുഞ്ഞ് അറിഞ്ഞില്ല അല്ലിയോ..”
“ആ അമ്മൂമ്മയ്ക്ക് എന്തുപറ്റി..”
“ഒന്നും പറേണ്ട... നമ്മുടെ കോരമണ്ടിലെ അനിതപ്പെണ്ണ് ഒരു തിരുമ്മുകേന്ദ്രം തുടങ്ങിയില്ലേ....”
“അതേ.. അവരുടെ വീട്ടില്‍തന്നെ അല്ലേ... അമ്മ പറഞ്ഞിരുന്നു..”
“അതു തന്നെ.. കുട്ടിയമ്മ അവിടെ ഒന്നു തിരുമ്മാന്‍ പോയതാ. പിറ്റേന്ന് ആശുപത്രീലാക്കേണ്ടി വന്നു..കാലിന്റെ കൊഴ തെറ്റീന്ന്.. ഡോക്ടര്‍ അതു നേരെ ആക്കാന്‍ നോക്കിയപ്പോ ഉള്ള എല്ലും കൂടി പൊട്ടിക്കിട്ടി.. ഇപ്പോ പഴക്കൊല പോലെ അവിടെ തൂങ്ങിക്കിടപ്പുണ്ട്.. പാവം... ”
ചായക്കട, വളം വ്യാപാരം, അച്ചാര്‍കച്ചവടം എന്നീ മേഖലകളില്‍ കടുത്ത പരാജയം നേരിട്ട അനിത കോരമണ്ടില്‍, രണ്ടാഴ്ചത്തെ പ്രത്യേക പരിശീലനം നേടി ആത്മവിശ്വാസം മാത്രം മുതല്‍മുടക്കാക്കി തുടങ്ങിയ തിരുമ്മുകേന്ദ്രത്തിലെ ചീഫ് ഗസ്റ്റായി പോയതാണത്രെ കുട്ടിയമ്മ.. ‘ കുട്ടിയമ്മയല്ലേ എനിക്ക് കാശൊന്നും തരണ്ടാ’ എന്ന് അവളു പറഞ്ഞപ്പോ, പഠിച്ചത് പരീക്ഷിച്ചു നോക്കാനാണ് തന്നെ വിളിക്കുന്നതെന്ന് പാവം ഓര്‍ത്തില്ല...എന്തു ചെയ്യാം...
“പിന്നെ..പറ കുഞ്ഞേ.. കോഴിക്കോട്ടെങ്ങനെ.. അവിടുത്തെ ആള്‍ക്കാരൊക്കെ നല്ലവരാ അല്ലിയോ..”
“അതേ അച്ചായാ..നമ്മളേപ്പോലെ തിരുമ്മാന്‍ വിളിച്ചിട്ട് കഴുത്ത് തിരിച്ച് വിടുന്ന പരിപാടിയൊന്നും അവിടെയില്ല...”
അച്ചായനൊന്നു ചിരിക്കാന്‍ തുടങ്ങിയതും, മുന്നില്‍ നിന്നു വന്ന ഒരു ജീപ്പ്, ഞങ്ങളുടെ നേരെ വളഞ്ഞു ശബ്ദത്തോടെ നിന്നതും ഒന്നിച്ച്.!!
“ഈശോയേ!!!” ഒരു തവളച്ചാട്ടത്തിന് അരികിലെ മണ്‍തിട്ടയിലേക്ക് അച്ചായന്‍ കുതിച്ചു പാഞ്ഞു...
നെഞ്ചിലേക്ക് ഒരു കൊള്ളിയാന്‍ പായുന്നത് അറിഞ്ഞുകൊണ്ട് ഞാന്‍ നടുങ്ങി അരയടി താണു നിന്നു.!!!
ആജാനബാഹുവായ ഡ്രൈവര്‍, രഞ്ജിത്തിന്റെ പഴയകാല സിനിമയിലെ നായകനെപ്പോലെ പുറത്തേക്കു വരുന്നു!!
ഇപ്പൊഴത്തെ ക്വട്ടേഷന്‍ സംഘങ്ങളെപ്പറ്റിയുള്ള വാര്‍ത്തകള്‍ ഞാന്‍ അറിയാതെ ഓര്‍ത്തുപോയി..
ആളുമാറി കയറ്റിക്കൊണ്ടുപോയി ആവശ്യത്തിനു ഇടി തന്ന് ഒരു സോറിപോലും പറയാതെ ‘ഡ്യൂപ്ലിക്കേറ്റ് ഇരയെ’ വഴിയില്‍ ഇറക്കിവിട്ട ഒന്നുരണ്ടു സംഭവങ്ങള്‍ എനിക്കും അറിയാം..
കണ്ണുമുഴപ്പിച്ച് അയാള്‍ എന്റെ കൈയില്‍ കയറിപ്പിടിച്ചപ്പോള്‍ ‘അച്ചായാ വീട്ടില്‍ ഒരു മെസേജ് കൊടുത്തേക്കണേ’ എന്നു പറയാന്‍ ഞാന്‍ വക്കച്ചനെ നോക്കി.. പുള്ളിയാണെങ്കില്‍ ചാട്ടത്തിനിടയില്‍ ചാടിപ്പോയ മൂന്നു ഉള്ളികളെ റോഡില്‍ കുത്തിയിരുന്നു തിരയുകയാണ്..
“കഴുവേറീ...സുഖം തന്നെ അല്ലേടാ....” കോഴിക്കോട്ട് പോലും ഗുണ്ടകള്‍ ആദ്യം ഈ ചോദ്യം ചോദിക്കില്ലല്ലോ എന്നൊര്‍ത്തപ്പോള്‍ എന്റെ ശ്വാസം ഒന്നു നേരെ വീണു.
‘ഇപ്പൊ അല്പം സുഖം കൈവന്നു’ എന്ന് കണ്ണുകൊണ്ട് പറഞ്ഞു..
“നീ എന്താ ഇങ്ങനെ മിഴിച്ചു നോക്കുന്നേ..എടാ ഇത് ഞാനാ പ്രമോദ്.....”
“പ്രമോ...ദ്..”?
“എടാ... പഴയ പ്രമോദ്... ആത്മാര്‍ഥത വേണമെടാ ആത്മാര്‍ഥത..നോക്ക്..നിന്റെ രൂപം പോലും ഞാന്‍ ജീപ്പിലിരുന്നു തിരിച്ചറിഞ്ഞു..എന്നിട്ടും നിനക്കെന്നെ..”
“ഈശ്വരാ..... ചാക്കാല പ്രമോദ്..എടാ നീ ഇവിടൊക്കെ.......” കൈകൊണ്ട് കണ്ണുപൊത്തി പൊട്ടിച്ചിരിച്ചുപോയി ഞാന്‍
“ചാക്കാല നിന്റെ ...... “ ബാക്കി പൂരിപ്പിക്കുന്നതിനു മുമ്പ് അവന്‍ തലതിരിച്ച് അച്ചായനെ നോക്കി.. ‘എന്നാലും ഒരു ഉള്ളി എവിടെപ്പോയി’ എന്ന ചോദ്യം മുഖത്ത് നിറച്ച് ഒരു വരണ്ട ചിരിയുമായി അച്ചായന്‍
“അച്ചായന്‍ പൊക്കോ.... ഇതെന്റെ ഒരു പഴയ കൂട്ടുകാരനാ...പിന്നെ കാണാം..” ചിരി തുടച്ചുകളഞ്ഞുകൊണ്ട് ഞാന്‍
“കേറെടാ!!! “ കൌമാരസ്മരണകളുടെ സ്നേഹം പുരണ്ട ആജ്ഞ ഞാന്‍ അനുസരിച്ചു.. അവന്‍ താക്കോല്‍ കറക്കി...
“ഒന്നിറങ്ങെടാ..പ്ലീസ്...” ആജ്ഞയുടെ മുന ഒറ്റ സെക്കന്റില്‍ ഒടിഞ്ഞ് ദയനീയമായി...
“ഉം? എന്തേ...വണ്ടി തള്ളണോ?..”
“അത് നിനക്കെങ്ങനെ മനസിലായി”
“നീ ആ പഴയ ചാക്കാല തന്നെയല്ലേ...ഈ വണ്ടി നിന്റെ അല്ലേ..അപ്പോ പിന്നെ... “ ഞാന്‍ താഴേക്ക് ചാടി “ധള്ളേണ്ടി വരും.......”
ഒറ്റ ചാട്ടത്തിന് ഞാന്‍ റിപ്പബ്ലിക്കന്‍ ഹൈസ്കൂളിലെ ഒമ്പത് ഏ യിലെത്തി.....
ശാന്തന്‍ ചേട്ടന്റെ മണിയടി കേട്ടു..
പൊതിച്ചോറ് അഴിച്ചു കൊണ്ടുവന്ന ചമ്മന്തിയുടേയും വാഴക്കാത്തോരന്റേയും മണം നുണഞ്ഞു....
പാവാടക്കാരികളുടെ കണ്ണുകളില്‍ വിടരാന്‍ മടിച്ചു നില്‍ക്കുന്ന പ്രണയഭാവങ്ങള്‍ കണ്ടു..
സുഷമാദേവിയുടെ ചിരിയിലെ ഇല്ലാത്ത വ്യാഖ്യാനങ്ങള്‍ കണ്ടു...
ബിന്ദുവിന്റെ മുഖക്കുരുവിലെ പാഴ് വാഗ്ദാനങ്ങള്‍ കണ്ടു...
നീനാകുമാരിയുടെ ഇംഗ്ലീഷ് പുസ്തകക്കവറിലെ നദിയാമൊയ്തുവിനെ കണ്ടു...
ഇതെല്ലാം കണ്ടുകൊണ്ട് ക്ലാസിന്റെ അപ്പുറത്ത് ഡിസര്‍ഡിയാ കാടിനിടയില്‍ വടിയുമായി നില്‍ക്കുന്ന മൂട്ടസാറിനെ കണ്ടു....
മൂട്ടസാറിനെ നോക്കി വിസിലടിക്കുന്ന കുരുത്തക്കേടിനു കുരുവിക്കൂടുണ്ടാക്കിയ പ്രമോദിനെ ഒടുവില്‍ കണ്ടു..
കാത്തിരിന്നൊരു ഇരയെ കിട്ടിയ സന്തോഷത്തോടെ മൂട്ടസാര്‍ ഇതാ ചാടി വന്നു പ്രമോദിനെ പൊക്കുന്നു..
“ഒന്നുകൂടി വിസില്‍ അടിക്കെടാ...”
വിറച്ചുകൊണ്ട് പ്രമോദ് വി ഷേപ്പില്‍ വിരല്‍ നാവിനടിയില്‍ വക്കുന്നു..
“അടിയെടാ വിസില്‍...”
“ശൂ..... “ പേടി കൊണ്ട് കാറ്റുമാത്രം
“ശബ്ദം വരുത്തെടാ... “ വലത്തെ തുടയില്‍ നടയടി
“വരുത്തെടാ ശബ്ദം....”
“ഇപ്പോ ശബ്ദം വരുന്നില്ല സാറേ..അയ്യോ അടിക്കല്ലേ....”
“കേറി നില്‍ക്കെടാ ഡെസ്കില്‍...”
“ഉം..”
“കണക്കിന് ക്ലാസ് പരീക്ഷയ്ക്ക് എത്ര മാര്‍ക്കുണ്ടെടാ നിനക്ക്...”
“പത്തില്‍ മൂന്ന് “ പ്രമോദ് അഭിമാനത്തോടെ..
അടുത്ത അടി ചന്തിക്ക്.....” അതു കോപ്പിയാ...ആരുടെ നോക്കിയാടാ നീ കോപ്പിയടിച്ചെ? “
“സാറേ...ആത്മാര്‍ഥമായിട്ട് കിട്ടിയ മാര്‍ക്കാ..അയ്യോ....”
“നീ എന്നെ വിസിലടിച്ചു കളിയാക്കും ...അല്ലേടാ.....”
“സാറു കാട്ടിനകത്ത് നിന്നോണ്ടല്ലേ....”
“നിന്നെപ്പോലുള്ളോന്മാരെ നന്നാക്കാന്‍ കാട്ടിലല്ല..കുടത്തിനകത്തും കേറിയിരിക്കണം... നാളെ വിളിച്ചോണ്ടുവരണം നിന്റച്ഛനെ....”
“അച്ഛന്‍ ഇന്നലെയും വന്നതാ സാറേ.”
“എന്നാ പിന്നെ ഇന്നുതന്നെ വിളിച്ചോണ്ടു വാ.....”
സുഷമാദേവിയുടെ മുടിയും, കൃഷ്ണക്കുറുപ്പുസാറിന്റെ കഷണ്ടിയും, പാണ്ടിപ്പാക്കരന്‍ ചേട്ടന്റെ കടയിലെ ഉഴുന്നുവടയും ഒക്കെ ചര്‍ച്ചയ്ക്കെടുത്ത്, പിന്നെയും ബാക്കി വന്ന പതിനഞ്ചുമിനുട്ടില്‍, എന്നാല്‍ ഇനി കേരളത്തിലെ ജാതിവ്യവസ്ഥ ഡിസ്കസ് ചെയ്യാം എന്ന് കരുതി ആണ്‍പിള്ളേര്‍ ഒത്തുകൂടിയിരുന്ന ഒരുച്ചനേരം..ഉന്നതശ്രേണിയില്‍ നിന്നു തുടങ്ങി നായന്മാരിലെത്തി ചര്‍ച്ച..
“ഈ നായന്മാര്‍ തന്നെ ഏകദേശം ഒരു അറുപത് തരമുണ്ട്..” അപ്പൂപ്പന്റെ കുരുട്ടുബുദ്ധിയില്‍ നിന്നു (അച്ഛന്റെ ഭാഷയില്‍ ‘വഷളത്തരം‘) കിട്ടിയ ജനറല്‍ നോളജ്, നാലുപേരുടെ മുന്നില്‍ അവതരിപ്പിക്കാന്‍ കിട്ടിയ ഗമയില്‍ ഞാന്‍ പറഞ്ഞു തുടങ്ങി..
“ഉദാഹരണത്തിന് ഇല്ലത്തുനായര്‍, വിളക്കിത്തല നായര്‍, ചക്കാല നായര്‍.....”
“ങാ........നമ്മളൊക്കെ ചക്കാലനായന്മാരാ..അല്ലേടാ...” പ്രമോദ് ആഹ്ലാദപൂര്‍വ്വം ചാടിവീണു...
“നമ്മള്‍ ഒറിജിനല്‍ ഇല്ലത്തുനായന്മാരാ കേട്ടോ മക്കളേ’ എന്ന് ദിവസം (അച്ഛന്‍ ഇല്ലാത്ത സമയത്ത്) പത്തുതവണ ബീഡിവലിച്ച്, നെഞ്ചുവിരിച്ചു പറയുന്ന അപ്പൂപ്പന്റെ മുഖം ഓര്‍ത്ത് , അടക്കാന്‍ വയ്യാത്ത ചിരിയോടെ ഞാന്‍ പറഞ്ഞു “നിന്റെ കാര്യം എനിക്കറിയില്ല..ബട്ട്..ഞാനതല്ല...”
രണ്ടുമാസത്തിലൊരിക്കല്‍ സകലരുടേയും ഇരട്ടപ്പേരിന്റെ റേഷന്‍കാര്‍ഡ് വെട്ടിത്തിരുത്തുന്ന സ്വഭാവദൂഷ്യമുള്ള അനില്‍ബേബി ഓണ്‍ ദ സ്പോട്ടില്‍ പ്രമോദിന്റെ പുതിയ പേരു പ്രഖ്യാപിച്ചു “ചാക്കാല”
‘ഈ നായന്മാരുടെ മുടിഞ്ഞ ഗ്രേഡിംഗ് സിസ്റ്റം കാരണം മാനം പോയല്ലോ’ എന്നോ മറ്റോ പുലമ്പിക്കൊണ്ട് പ്രമോദ് വിരല്‍ വെളിയിലേക്ക് ചൂണ്ടി....
ഡിസര്‍ഡിയ കാടിനുള്ളില്‍ അടുത്ത ഇരയെ തേടി ദാ മൂട്ടസാര്‍.....
മൂക്കിന്റെ തുമ്പത്ത് മൂട്ടയുടെ ആകൃതിയില്‍ ഒരു മറുകുള്ളതുകൊണ്ട്, സത്യം പറഞ്ഞാല്‍ ആ അധ്യാപകന്റെ യഥാര്‍ഥ പേര് സ്കൂളിലെ ഒരു കുട്ടിക്കുപോലും അറിയില്ല. ഈ താപ്പാനയെ തളക്കാന്‍ പറ്റിയ ഒരു കുട്ടിജന്മവും റിപ്പബ്ലിക്കന്‍ സ്കൂളില്‍ ഉണ്ടായിട്ടില്ല..
താന്‍ പഠിപ്പിക്കാത്ത ക്ലാസിലും ഉച്ചസമയങ്ങളില്‍ കയറിച്ചെന്നു കുറഞ്ഞത് നാല് ‘ഇരകളെ’ എങ്കിലും പൊക്കി സ്റ്റാഫ് റൂമില്‍ കൊണ്ടുപോയി അപമാനിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ഒരേ ഒരു ഹോബി. ‘പാണ്ടിപ്പാക്കരന്‍ ചേട്ടന്റെ കടയില്‍ മൂട്ടസാറിനു ഇരുപത് രൂപ പറ്റുണ്ട്. അങ്ങേരിപ്പോ മറ്റേ വഴിയിലൂടെയാ പോക്കും വരവും’ എന്ന സി.ഐ.ഡി വാര്‍ത്ത ക്ലാസില്‍ പരത്തിയത് പ്രമോദ് ആണെന്ന് അറിഞ്ഞതില്‍ പിന്നെ, അദ്ദേഹത്തിന്റെ പ്രൈം ടാര്‍ജറ്റ് ചാക്കാല ആയി മാറി..
ഒരിക്കല്‍ ഒമ്പത് ഏ യിലെ കണക്കുസാര്‍ ലീവിലായ ദിവസം പകരക്കാരനായി മൂട്ടസാര്‍ വന്നു.
കസേരയില്‍ രാജകീയമായി ഇരുന്ന്, വടിയില്‍ വിരലോടിച്ച്, ‘എനിക്കിത് പോരല്ലോ’ എന്ന അര്‍ത്ഥത്തില്‍ മുഖം ചുളിച്ച് ചോദിച്ചു..
“ആര്‍ക്കെങ്കിലും എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ ഇപ്പോ ചോദിച്ചോ.. നാളെ നിങ്ങടെ സാറിങ്ങു വരും..“
ക്ലാസില്‍ പരിപൂര്‍ണ്ണ നിശ്ശബ്ദത....
ഞാന്‍ അടുത്തിരിക്കുന്ന രാജേഷിനെ നോക്കി ചെവിയില്‍ ചോദിച്ചു. “എന്താടാ.നിനക്ക് വല്ല സംശയവും ഉണ്ടോ..?“
“ഒരു സംശയം ഉണ്ട്.. ഇങ്ങേരെ എന്തിനാ ഇപ്പോ ഇങ്ങൊട്ട് കെട്ടിയെടുത്തെ...”
“എന്നെ നിങ്ങള്‍ക്ക് ഭയങ്കര പേടിയാണെന്നറിയാം “ ക്രൂരമായ ഒരു ചിരിയോട് മൂട്ടസാര്‍ പറഞ്ഞു “എന്നു കരുതി സംശയം ചോദിക്കാതിരിക്കരുത്.. ധൈര്യത്തോടെ ചോദിച്ചോ..”
ആരും മിണ്ടുന്നില്ല.
“ആര്‍ക്കും ഒരു സംശയവുമില്ല...!!! ഹതു കൊള്ളാമല്ലോ...”
“എനിക്കൊരു സംശയം ഉണ്ട് സാര്‍!!!!!!! “ എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് ചാക്കാല പ്രമോദ് എഴുന്നേല്‍ക്കുന്നു....!! “
മൂട്ടസാര്‍ മുഖം വക്രിച്ച് ശബ്ദം വന്നിടത്തേക്ക് നോക്കുന്നു..
“സാര്‍ .. ഒരു വൃത്തം വരക്കുമ്പോള്‍...............”
പിന്നെ ഞാന്‍ കണ്ടത്, വടിയുമായി ശരവേഗത്തില്‍ പായുന്ന മൂട്ടസാറിനെയാണ്
“പഠിപ്പിക്കുമ്പോ ക്ലാസില്‍ ശ്രദ്ധിക്കാതെ വായില്‍ നോക്കി ഇരുന്നാ എങ്ങനാടാ സംശയം വരാതിരിക്കുന്നെ....ങേ....പറേടാ.. കഴിഞ്ഞ ക്ലാസ് പരീക്ഷയ്ക്ക് എത്ര മാര്‍ക്കുണ്ടാരുന്നു നിനക്ക്....പറ...”
“പത്തില്‍ ഒന്ന്....!!!!”
“ആ ഒരു മാര്‍ക്ക് എവിടുന്ന് കോപ്പിയടിച്ചതാടാ...” ഭാഗ്യം, വടി തുടയില്‍ വീണില്ല.. ക്ലാസ് മുഴുവനും ചിരിച്ചതുകൊണ്ടാവാം..പ്രത്യേകിച്ച് പെണ്‍കുട്ടികള്‍....
ഇടവപ്പാതി മഴ തകര്‍ത്തുപെയ്യുന്ന ഒരുച്ചനേരം..
ക്ലാസിലെ അതിസുന്ദരിയും ഹൈപ്പര്‍ സെന്‍സിറ്റീവുമായ നീനകുമാരി മഴപോലെ കരയുന്നു...
കണ്മഷിയെ വലിച്ചിറക്കി കവിളിലേക്ക് പടര്‍ത്തുന്ന കരച്ചിലിന്റെ ഇടവപ്പാതി...
സ്വര്‍ണ്ണ ബോര്‍ഡറിട്ട കസവു ബ്ലൌസും പാവാടയുമിട്ട ഈ പാവം സുന്ദരി ഇത്ര കരയുവാന്‍ മാത്രം എന്തുണ്ടായി.....
ഇരതേടിയെത്തിയ മൂട്ടസാര്‍ ക്ലാസിലേക്ക് കയറി..
“എന്താ കൊച്ചേ കരയുന്നേ...കാര്യം പറ.. “ സാറിന്റെ കൈയില്‍ വടിമുറുകി..
നീന വിങ്ങുകയാണ്.. ഇടവസന്ധ്യപോലെ സുന്ദരമായി......കൈയിലെ ഇംഗ്ലീഷ് ബുക്ക് അവള്‍ സാറിനു നേരെ നീട്ടി..
കവറിലെ നദിയാമൊയ്തുവിന്റെ പടത്തിനു താഴെ, കറുത്ത മഷിയില്‍ വലിയ അക്ഷരത്തില്‍ "I LOVE YOU"
“ആരെടാ ഇതെഴുതിയെ!!!!!” ഇടിവെട്ടുപോലെ മൂട്ടസാര്‍ ഗര്‍ജ്ജിച്ചപ്പോള്‍ ഇളകിയിരുന്ന മുന്‍വരിയിലെ കോന്തപ്പല്ല് മുന്നോട്ട് തള്ളി..
ക്ലാസില്‍ നീനയുടെ വിതുമ്പല്‍ മാത്രം..
ഇത്ര ധൈര്യം ഈ ക്ലാസില്‍ ആര്‍ക്കുണ്ട്... അതും ബയോളജി പഠിപ്പിക്കുന്ന രാജേശ്വരി ടീച്ചറിന്റെ മകളുടെ ബുക്കില്‍ ഇങ്ങനെ എഴുതാന്‍ മാത്രം ധൈര്യം...
ഉണ്ടക്കണ്ണുകള്‍ എല്ലാവരിലേക്കും നീണ്ടു വരുന്നു...
‘ഇതവന്‍ തന്നെ...” ഞാന്‍ രാജേഷിനെ നോക്കി പിറുപിറുത്തു..
“പിന്നല്ലാതെ....” രാജേഷ് തലയാട്ടി..
സത്യം പറേടാ...... ചാക്കാലയുടെ ചന്തിയില്‍ ആദ്യ അടി...
“നീ അല്ലേ.....” അടുത്ത അടി
പ്രമോദ് തലയാട്ടി സമ്മതിക്കുന്നു...........
“അഹങ്കാരീ....വാടാ സ്റ്റാഫ് റൂമിലോട്ട്....”
“സാര്‍....സാര്‍....”
“ഉം????” ഗര്‍ജ്ജനം
“ഞാന്‍ നീനയെ ഉദ്ദേശിച്ചല്ല എഴുതിയെ..? “
“പിന്നെ.. രാജേശ്വരി ടീച്ചറെ ഉദ്ദേശിച്ചാണോ മോനേ “ പൊട്ടിച്ചിരിക്കിടയില്‍ പ്രമോദിന്റെ ചെവിയില്‍ സാറിന്റെ വിരല്‍ അമര്‍ന്നു
“ആ.................... ഞാന്‍ നദിയാമൊയ്തുവിനെ ഉദ്ദേശിച്ചാ...”
“നീ ആരാടാ.. നദിയാമൊയ്തുവിന്റെ പുതിയാപ്ലയോ..അഹങ്കാരി.... പഠേ.....!!!”
ജീപ്പ് പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ ഞാന്‍ ഞെട്ടി മുന്നോട്ടാഞ്ഞു..
“പറ അളിയാ വിശേഷം..നിനക്ക് രണ്ടു മക്കള്‍ അല്ലേ....സുഖാമായിരിക്കുന്നോ...” പ്രമോദ് ഗിയര്‍ മാറ്റി
“ഇതൊക്കെ നീ എങ്ങനെ അറിഞ്ഞെടാ..? “
“എടാ ആത്മാര്‍ഥത വേണം..ആത്മാര്‍ത്ഥത.. ഒരാളേം ഞാന്‍ മറന്നിട്ടില്ല...എല്ലാരേം പറ്റി അന്വേഷിക്കാറുമുണ്ട്...“
അന്തിവെയില്‍ ചാഞ്ഞു തുടങ്ങി... വിശേഷവര്‍ത്തമാനങ്ങളിലൂടെ പ്രമോദ് എങ്ങോട്ടൊക്കെയോ വണ്ടി ഓടിച്ചു
“പാവം ഒരു പെണ്ണിനെ കെട്ടി.. അംഗന്‍വാടിയില്‍ പഠിപ്പിക്കുവാ അവള്‍.. ഞാനേ ഉള്ളൂ അവള്‍ക്ക്... ഉള്ളു നിറയെ സ്നേഹം.. ഒരു മോന്‍.. നീ നോക്കെണ്ടാ.. എന്നെപ്പോലെ തന്നെ ഒരു തല്ലുകൊള്ളി... ഞാനും കുടുംബോം താങ്ങിനു ദാ ഈ വണ്ടിയും.....ഒരു കാര്യം നീ തുറന്നു പറയണം.. എടാന്നും പോടാന്നും നീന്നും ഒക്കെ ഞാന്‍ വിളിക്കുന്നതില്‍ ദേഷ്യം ഉണ്ടോ ഇപ്പോ..” പ്രമോദിന്റെ കണ്ണുകള്‍ തിളങ്ങുന്നു.
“നീ എന്താ അങ്ങനെ ചോദിക്കാന്‍...”
“അല്ല..നിലയും വിലയും ഒക്കെ മാറുമ്പോ...ചിലപ്പോ.... എനിക്ക് അങ്ങനെ ഒരു അനുഭവം ഉണ്ടായി..ഒരാളുടെ അടുത്ത്...അതുകൊണ്ടാ..”
വളയം പിടിച്ച അവന്റെ ഉരുക്കു കൈകളില്‍ ഞാന്‍ വിരല്‍ അമര്‍ത്തി.... “നീ എന്നും എല്ലാവര്‍ക്കും ആ പഴയ ചാക്കാല തന്നെ അല്ലേടാ... നമ്മളെല്ലാം വലിച്ചുകേറ്റുന്നതും ഒരേ വായുവല്ലേ... വിവരമില്ലാത്തവരോട് പോയി പണിനോക്കാന്‍ പറ.. നീ രണ്ടു തെറികൂടി ചേര്‍ത്ത് എന്നെ വിളി.. പണ്ടത്തെപ്പോലെ... “ ഞങ്ങള്‍ ഒന്നിച്ചു ചിരിച്ചു...
“നീ ലേറ്റ് ഒന്നും ആയിട്ടില്ലല്ലോ അല്ലെ.. ഞാന്‍ കൊണ്ടുവിടാം..”
“അയ്യോ വേണ്ടാ. നീ ആ തട്ടുകടയുടെ അടുത്തൊന്നു നിര്‍ത്ത്..ഭാര്യ പൊറോട്ട കൊണ്ടുചെല്ലണേന്ന് ഓര്‍ഡര്‍ ഇട്ടേക്കുവാ.. ഇനി തട്ടുകടയിലെ പൊറോട്ട വാങ്ങിക്കൊടുത്തില്ലെന്നു വേണ്ടാ...”
ബസ്‌സ്റ്റാന്‍ഡിനടുത്ത തട്ടുകടയില്‍ അവന്‍ വണ്ടി നിര്‍ത്തി.. ഒന്നിച്ചിറങ്ങി
“എടാ ചിന്നൂ..... “ കറിയുടെ തട്ട് ഉയര്‍ത്തി പ്രമോദ് പറഞ്ഞു “രസികന്‍ പൊറോട്ടയും കറിയും ഒരു പാര്‍സല്‍ എട്.. എന്റെ പെങ്ങള്‍ക്കുള്ളതാ.. സൂപ്പര്‍ ആവണം..അല്ലെങ്കില്‍ അറിയമല്ലോ....”
ഭവ്യതയോടെ കടക്കാരന്‍ പയ്യന്‍ ചിരിച്ചു..
ഞാന്‍ പോക്കറ്റില്‍ കൈയിടാന്‍ തുടങ്ങി...
“കൊല്ലും ഞാന്‍.!!!... ഈ കാശ് ഞാന്‍ കൊടുക്കും......ചിന്നൂ...പറ്റിലെഴുതിയേര്.....”
ഓര്‍മ്മകളില്‍ ഞാന്‍ എവിടൊക്കെയോ എന്തിനോ പരതുകയായിരുന്നു..
“നമ്മുടെ മൂട്ടസാര്‍ പോയി അല്ലേ.....” ഞാന്‍ അവനെ നോക്കി
“ഉം...എന്തായാലും സാറിനോടുള്ള എന്റെ കുരുത്തക്കേടിന്റെ കടം ഞാന്‍ വീട്ടി..”
സംശയത്തോടെ ഞാന്‍ അവനെ നോക്കി
“ഹാര്‍ട്ട് അറ്റാക്ക് ആരുന്നു.. പാതിരാത്രിയില്‍.. ആശുപത്രീല്‍ കൊണ്ടുപോകാന്‍ എന്റെ ജീപ്പ് തന്നെ വിളിച്ചു സാറിന്റെ ഭാര്യ... അവസാനം അങ്ങനെ കൂടെ ഉണ്ടാവാന്‍ പറ്റി.. എന്നോട് എന്തൊക്കെയോ പറഞ്ഞു അന്ന്.. ഒന്നും വ്യക്തമായില്ല....”
അവനോട് യാത്ര ചോദിക്കും മുമ്പ് പുഞ്ചിരിച്ചു കൊണ്ട് ഒരു ചോദ്യം കൂടി ഞാന്‍ ഇട്ടു
“അന്നത്തെ ആ നീന ഇപ്പോ എവിടാടാ.. നീ ഐ ലവ് യൂ എഴുതിക്കൊടുത്ത ആ നീന....”
“അതിനുശേഷം ഒരിക്കലും അവളെന്നോട് മിണ്ടീട്ടില്ലല്ലോ.. കോയമ്പത്തൂരെങ്ങാണ്ട് ഡോക്ടര്‍ ആണ്..... നാട്ടിലൊന്നും വരാറില്ലാന്നു തോന്നുന്നു...ആരന്വേഷിക്കുന്നു....” പ്രമോദ് ചായ മൊത്തി
“ഞാന്‍ ഇന്നേവരെ അവളെ കണ്ടിട്ടില്ല..”
“കാണാത്തേന്റെ കുഴപ്പമേയുള്ളൂ.... അഹങ്കാരി..നിനക്കറിയാമോ..അന്ന് അങ്ങനെ എഴുതിയത് ഞാന്‍ അല്ലാരുന്നു.. ആ സാറിന്റെ അടിയില്‍നിന്ന് രക്ഷപെടാന്‍ വേണ്ടി സമ്മതിച്ചതല്ലിയോ....”
“എനിക്കറിയാം..”
“എങ്ങനെ? “
അവന്റെ കരിപുരണ്ട കൈകള്‍ ഒന്നുകൂടി ഞാന്‍ അമര്‍ത്തി...
“അത് എഴുതിയത്.. ഈ ഞാന്‍ തന്നാ..പക്ഷേ നീ പറഞ്ഞപോലെ നദിയമൊയ്തുവിനല്ല.. സാക്ഷാല്‍ അവള്‍ക്ക് തന്നെ....“
“എടാ ദ്രോഹീ.......”
“ആ അടിയുടെ കടം വീട്ടാന്‍ ഞാന്‍ നിനക്ക് എത്ര പൊറോട്ട വാങ്ങിത്തരണം...എന്നാലും തീരുമോ..അറിയില്ലെടാ..” എന്റെ കണ്ണുകള്‍ നനഞ്ഞു തുടങ്ങിയിരുന്നു....
“ആ കടം അങ്ങനെ തന്നെ കിടക്കട്ടളിയാ.. പിന്നെ, പണമൊഴിച്ച് എന്ത് ആവശ്യം ഉണ്ടേലും, എനിക്കൊരു മിസ്കോള്‍ തന്നാമതി. ഞാന്‍ ഓടി വരും..അതു വെട്ടാണേലും കുത്താണേലും രാഷ്ട്രീയപ്രശ്നമാണേലും..ഈ കാലത്ത് എപ്പൊഴാ എന്താ വരുകാന്ന് അറീല്ലല്ലോ.. തരികിടകളുമായി നല്ല ഹോള്‍ഡാ എനിക്ക്..” പ്രമോദിനെപ്പോലെ എനിക്ക് ചിരിക്കാന്‍ കഴിഞ്ഞില്ല....
നിലാവു പെയ്യുന്ന റോഡിലൂടെ ഞാന്‍ നടന്നു..
മണ്‍തിട്ടയില്‍ മുയല്‍ച്ചെവിയന്‍ പണ്ടത്തെപ്പോലെ തന്നെ ഒട്ടിപ്പിടിച്ചിരിക്കുന്നു.
അച്ചന്‍ കോവിലാറ് പണ്ടത്തെപ്പോലെ തന്നെ നിറഞ്ഞൊഴുകുന്നു..
കൈയിലെ പൊറോട്ടപ്പൊതിയില്‍ പഴയ സ്നേഹം ചൂടാറാതെ ചേര്‍ന്നു നില്‍ക്കുന്നു
COURTESY : G.MANU *BRIGE VIHARAM*